National
ചെന്നൈ: തമിഴ്നാട്ടിലെ പെൺകുട്ടികൾക്ക് പഠിക്കാൻ പ്രോത്സാഹനം ലഭിക്കുന്പോൾ ഉത്തരേന്ത്യക്കാർ തങ്ങളുടെ പെൺമക്കളെ അടുക്കളയിൽ പണിയെടുക്കാനും പ്രസവിക്കാനും പ്രേരിപ്പിക്കുകയാണെന്ന് മുതിർന്ന ഡിഎംകെ നേതാവ് ദയാനിധി മാരൻ.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ ദ്രാവിഡ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും എല്ലാം എന്നതാണ് സർക്കാരിന്റെ ആശയം. കരുണാനിധിയുടെയും സ്റ്റാലിന്റെയും മണ്ണിൽ സ്ത്രീകളുടെ പുരോഗതി തമിഴ്നാടിന്റെ പുരോഗതിയാണ്.
തമിഴിനോടൊപ്പം എല്ലാവർക്കും ഇംഗ്ലീഷ് പരിജ്ഞാനവുമുള്ളതിനാലാണ് ആഗോള കന്പനികൾ ചെന്നൈയിലേക്ക് വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ക്രിസ്മസിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ ആക്രമണവും അധിക്ഷേപവും ഭീഷണിയും. ഡല്‍ഹി ബദല്പുരിലെ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ആഘോഷങ്ങള്‍ വീട്ടിലിരുന്നു മതിയെന്ന് പറയുകയും ചെയ്തു.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബൽപുരിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കാഴ്ചപരിമിതിയുള്ള സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മതപരിവർത്തനം ആരോപിച്ച് പോലീസ് നോക്കിനിൽക്കെയായിരുന്നു അതിക്രമം. സ്ത്രീക്കു നേരേ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതും സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കെതിരേ ഇന്നു ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനകൾ സമൂഹമാധ്യങ്ങളിലൂടെ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഒഡിഷയിലെ ഒരു നഗരത്തിലെ തെരുവിൽ ക്രിസ്മസ് തൊപ്പികളും മറ്റ് അലങ്കാരവസ്തുക്കളും വിൽക്കുന്ന വഴിയോര കച്ചവടക്കാരെ ഹിന്ദുത്വവാദികൾ അധിക്ഷേപിക്കുന്നതും കച്ചവടം ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെടുന്നതുമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്, ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ അനുവദിക്കില്ല’’എന്നു പറഞ്ഞുകൊണ്ടാണ് കാറിലെത്തിയ സംഘം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. ആരുടെ അനുമതിയോടെയാണു കച്ചവടം നടത്തുന്നതെന്നും സംഘം ചോദിക്കുന്നുണ്ട്.
ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കിയിരുന്നു.
ഇതിനു പുറമെ ക്രിസ്മസിന് സ്കൂളുകൾക്ക് അവധി നിഷേധിച്ച് പകരം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനുള്ള ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ തീരുമാനവും വിവാദമായിട്ടുണ്ട്.
National
ന്യൂഡൽഹി: തലസ്ഥാനത്ത് ഉൾപ്പെടെ ഉത്തരേന്ത്യയിലുടനീളം അതിശൈത്യം തുടരുന്നു. രാവിലെ പല സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. ഹരിയാന, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനുമിടയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡിസംബർ 28 വരെ യുപി, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, ചണ്ഡീഗഡ്, ഹരിയാന, വടക്കൻ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ്, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ജമ്മു കാഷ്മീരിലും ലഡാക്കിലും താപനില പൂജ്യത്തിനും താഴെയായി. ഉത്താരഖണ്ഡിലും ഹിമാചൽ പ്രദേശിലും മഞ്ഞുവീഴ്ച തുടരുകയാണ്.